Saturday, February 20, 2010

എന്‍റെ ശക്തി..!

ഞാനൊരു നല്ല ചവിട്ടു നല്‍കി..
ആനയൊരെണ്ണം ചതഞ്ഞു ചത്തു!

കേട്ടവര്‍ കേട്ടവര്‍ ചൂണ്ടുവിരല്‍
മൂക്കിനു നേരെ ഉയര്‍ത്തി വെച്ചു!

നെഞ്ചും വിരിച്ചു ഞാന്‍ പലയിടത്തും
വല്ല്യ ഗമയില്‍ കടന്നു ചെന്നു!

പത്രക്കാര്‍, സ്വന്തക്കാര്‍, ആരാധകര്‍..
എന്നുടെ ചുറ്റും തടിച്ചു കൂടി!

എന്നെ ഒരു നോക്കു കാണുവാനായ്
മന്ത്രിമാര്‍ പോലും തിരക്കി വന്നു!

പെട്ടെന്നൊരു ദിനം എങ്ങനെയൊ..
കള്ളി വെളിച്ചത്തിലായി കഷ്ടം!

ഞാനന്നു കൊന്നതു നിസ്സാരമാം..
കുഴിയാനയൊന്നിനെ മാത്രമാണേ..!!

Wednesday, February 17, 2010

3 ഉത്തരാധുനിക മിനിക്കവിതകള്‍..!

മുറിവുകള്‍

കാലം എന്‍റെ മുറിവുകള്‍ ഉണക്കി,
എന്‍റെ എല്ലാ മുറിവുകളും കരിഞ്ഞു.
കൂടെ എന്‍റെ സ്വപ്നങ്ങളും!

കാരണം

എല്ലാറ്റിനും ഒരു കാരണമുണ്ടാവും.
അതിന്‍റെ കാരണമാണ്
എനിക്കിതുവരെ മനസ്സിലാവാത്തത്.
എന്താണതിനു കാരണം?

മാതൃക

പാര്‍ക്കര്‍ പേന കൊണ്ട്
താളിയോലയിലെങ്ങനെ എഴുതും?
അതാ അവനെ നോക്കൂ;
എഴുത്താണി കൊണ്ട് വെബ് സൈറ്റില്‍
എഴുതുന്നത് കണ്ടില്ലേ?

Thursday, February 11, 2010

കോഴിയെ കള്ളന്‍..!

എല്ലാ ദിവസവും രാവിലെ കോഴിക്കൂട് തുറക്കാറുള്ളത് ഉമ്മയാണ്. വൈകുന്നേരം കോഴികളെയൊക്കെ ഓരോന്നായി കൂട്ടിലേക്ക് തിരിച്ചെത്തിച്ച് കോഴിക്കൂട് ഭദ്രമായി അടയ്ക്കുക എന്നുള്ളതാണ് ഉമ്മ എന്നെ ഏല്‍പ്പിച്ച എന്‍റെ ജോലി.

അന്നും വൈകുന്നേരം ഞാന്‍ കോഴികളെ ഓരോന്നായി കൂട്ടിലേക്ക് കയറ്റാന്‍ തുടങ്ങി. എന്‍റെ റബ്ബേ, എല്ലാ കോഴികളും കയറിക്കഴിഞ്ഞിട്ടും ഉമ്മയുടെ പ്രിയപ്പെട്ട ഒരു വെള്ളപ്പുള്ളിക്കോഴിയെ കാണാനില്ല! എല്ലാ ദിവസവും മുടങ്ങാതെ മുട്ടയിടുന്ന സുന്ദരിയും സുശീലയുമായ പുന്നാരക്കോഴി. അതിനെയാണ് കാണാതായിരിക്കുന്നത്! എന്‍റെ റബ്ബുല്‍ ആലമീനായ തമ്പുരാനേ ഇനി അതിനെ ഞാന്‍ എവിടെ പോയി തപ്പും?

കോയി...ബാ..ബാ..ബാ..ബാ.. ഞാന്‍ കോഴിയേയും വിളിച്ച് ഇരുട്ട് വീഴാന്‍ തുടങ്ങിയ പറമ്പിലൂടെ തെക്ക് വടക്ക്, കിഴക്ക് പടിഞ്ഞാറ് നടക്കാന്‍ തുടങ്ങി. എന്‍റെ ബാ..ബാ.. വിളി കേട്ട് “എന്താ ഇക്കാ പ്രശ്നം?” എന്ന ചോദ്യത്തോടെ എന്‍റെ പുന്നാര അനിയന്‍ സെലീം എന്‍റടുത്തേക്ക് വന്നു.

“എടാ സെലീ, ഞമ്മളെ പുള്ളിക്കോയീന കാണുന്നില്ല. ഇഞ്ഞും കൂടി ഒന്ന് നോക്കെടാ അവിടെയെങ്ങാനുണ്ടോന്ന്..!”

കേട്ട പാതി, കേള്‍ക്കാത്ത പാതി. “ഉമ്മാ” എന്നും വിളിച്ചു കൊണ്ട് സെലീം വീട്ടിലേക്കോടി! കോഴിയെ കാണാനില്ലാത്ത വാര്‍ത്ത ചൂടോടെ ഉമ്മയെ അറിയിക്കുകയാണ് ലക്ഷ്യം..!

ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ ഉമ്മയുടെ രംഗ പ്രവേശം; ഒപ്പം ഏതാണ്ട് ഇങ്ങനെയൊക്കെ അര്‍ത്ഥം കൽപ്പിക്കാവുന്ന തരത്തിലുള്ള ഡയലോഗുകളും:
“ഞാനെപ്പോഴും നിന്നോട് പറയാറുള്ളതല്ലേ, കോഴികളെയെല്ലാം കുറച്ച് നേരത്തെ തന്നെ കൂട്ടിലേക്ക് കയറ്റി കൂടടക്കണമെന്ന്? ഈ മഗ് രിബിന്‍റെ നേരത്ത് ഇങ്ങനെ വീളിച്ച് കൂവി നടന്നിട്ട് എന്താടാ കാര്യം? മര്യാദക്ക് കോഴിയെ എവിടാന്ന് വെച്ചാ കണ്ട്പിടിച്ചിട്ട് വേഗം കൂട്ടിലാക്കിക്കോ. എന്നിട്ട് പൊരേലേക്ക് കയറിയാ മതി..!”

എന്‍റെ ഇലാഹീ..! കാണാതായ കോഴിയെ വേഗം കൂട്ടിലേക്ക് കയറ്റിയില്ലെങ്കില്‍ എന്നെ വീട്ടിലേക്ക് കയറ്റില്ലത്രേ! എന്‍റെ ചങ്കിടിപ്പ് കൂടി...

കോയി ബാ..ബാ..ബാ...ബാ...ഞാന്‍ പൂര്‍വ്വാധികം ശക്തിയോടെ വിളിച്ചു കൊണ്ട് വിശാലമായ പറമ്പിലൂടെ നടന്നു കൊണ്ടിരുന്നു. എന്നോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് എന്‍റെ കൂടെ ബാ... ബാ... വിളിക്കാന്‍ എന്‍റെ രണ്ട് അനിയത്തിമാരും, അനിയനും കൂടി രംഗത്തെത്തിയത് എനിക്കൊരൽപ്പം ആശ്വാസത്തിന് വകയായി! ഞങ്ങളൊരു ജാഥയായി കോഴിയേയും തേടി ബാബാ വിളിച്ച് എല്ലായിടത്തും അലഞ്ഞ് വലഞ്ഞു! പൊട്ടക്കിണറിനടുത്തും, വിറക് പുരയിലും, വീടിന്‍റെ നാല് വശത്തും, പറമ്പിലും തൊടിയിലുമെല്ലാം ഞങ്ങള്‍ അരിച്ച് പെറുക്കി. നോ രക്ഷ! കോഴിയുടെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍..

ഞങ്ങളുടെ സംഘം ചേര്‍ന്നുള്ള ബാ.. ബാ..ബാ.. വിളികേട്ട് അയലോക്കത്തുള്ള നബീസ ഇത്താത്തയും, കാര്‍ത്ത്യായനി ഏച്ചിയും, സൈനബ ഇത്താത്തയും ഒക്കെ വിളിച്ച് ചോദിച്ചു: “എന്താ മക്കളേ പ്രശ്നം?” എന്ന്.
“ഞങ്ങടെ പുള്ളിക്കോയീന കാണ്ന്നില്ല കാര്‍ത്ത്യായനിയേച്ചീ..”

“എന്‍റെ കാവിലമ്മേ, ഇനി വല്ല നായോ കുറുക്കനോ പിടിച്ചോണ്ട് പോയോ?” കാര്‍ത്ത്യായനിയേച്ചിയും, നബീസ ഇത്താത്തയും, സൈനബ ഇത്താത്തയും കൂടി സംഭവിച്ചേക്കാവുന്ന അനന്ത സാധ്യതകള്‍ ഒന്നൊന്നായി എണ്ണിപ്പെറുക്കി വിശകലനം ചെയ്തു കൊണ്ട് എന്നെ പേടിപ്പിച്ചു കൊണ്ടിരുന്നു.. എങ്കിലും ഞങ്ങളെ സമാധാനിപ്പിക്കാന്‍ വേണ്ടി അവരും ഒരു മൂന്നോ നാലോ ബാ...ബാ...ബാ...അവരവരുടെ സ്വന്തം തൊടിയില്‍ നിന്നും വിളിച്ച് അരങ്ങില്‍ നിന്നൊഴിഞ്ഞു!

അപ്പോഴേക്കും നേരം കുറച്ച് കൂടി ഇരുട്ടി. അനിയത്തിമാരും, അനിയനും എന്നെ എന്‍റെ പാട്ടിന് വിട്ട്, അവര്‍ അവരുടെ പാട്ടിന് വീട്ടിലേക്ക് തിരിച്ചു പോയി! വിശാലമായ പറമ്പില്‍ ഇരുട്ടത്ത് ഞാന്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണ്. ഒരു പാവം ആറാം ക്ലാസ്സുകാരന് എത്ര നേരം അങ്ങനെ നില്‍ക്കാന്‍ കഴിയും? ഭയം എന്നെ കീഴ്പ്പെടുത്താന്‍ തുടങ്ങി. ഇനി ആ പുള്ളിക്കോഴിയെ എവിടെ തിരയണം, എങ്ങനെ തിരയണം എന്നതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. കാര്‍ത്ത്യായനിയേച്ചി പറഞ്ഞതുപോലെ വല്ല കുറുക്കനും പിടിച്ചിട്ടുണ്ടാവുമോ? എനിക്ക് ശരിക്കും സങ്കടം വന്നു. ആ സുന്ദരിക്കോഴിയെ എനിക്കും വല്ല്യ ഇഷ്ടായിരുന്നു. എല്ലാ ദിവസവും മറ്റെല്ലാ കോഴികളേക്കാളും മുന്നേ കൂട്ടിലേക്ക് കയറുന്നത് ആ പുള്ളിക്കോഴിയായിരുന്നു! ആ വെള്ള പുള്ളിക്കോഴി എവിടെപ്പോയി എന്‍റെ റബ്ബേ? കുറുക്കന്‍ പിടിച്ചിട്ടുണ്ടെങ്കില്‍ കുറുക്കന് ഇന്ന് കുശാല്‍..! കുറുക്കന് മാത്രമല്ല; എനിക്കും കുശാല്‍:
എന്‍റെ ഉമ്മയുടെ വക!

ഞാന്‍ പറമ്പില്‍ നിന്നും മെല്ലെ വീടിന്‍റെ പിന്നാമ്പുറത്തേക്ക് നടന്നു. വീട്ടിലേക്ക് കയറാന്‍ ധൈര്യമില്ല. അടി ഉറപ്പ്. എന്തു ചെയ്യണമെന്ന് അറിയാതെ ആലോചിച്ചു നില്‍ക്കുമ്പോള്‍ ആരോ പുറകില്‍ നിന്നും എന്നെ തൊട്ടതു പോലെ തോന്നി! പേടിച്ച് ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ അനിയനാണ്. സമാധാനമായി!

“ഏടാ സെലീ, ഇനീപ്പോ എന്താടാ ചെയ്യാ? കോയീന കാണുന്നില്ലാലോ?” ഞാന്‍ സെലീമിനോട് ദയനീയ ഭാവത്തില്‍ ചോദിച്ചു.

“ഇക്കാക്ക ബേജാറാവാണ്ടിരി. വഴീണ്ട്! കോയീന ഞാന്‍ കാണിച്ച് തരാം. പക്ഷേ ഒരു കണ്ടീഷന്‍- എന്നെപ്പറ്റി ഉമ്മാനോട് ഒന്നും പറഞ്ഞു കൊടുക്കരുത്!”

“ങേ..?... കോഴീന കാണിച്ച് തരാമെന്നോ? എവിടെയാടാ സെലീ കോഴിയുള്ളത്? വേഗം പറയെടാ എന്‍റെ മുത്തേ! നീ എനിക്ക് കോഴിയെ കാണിച്ച് തന്നാല്‍ ഞാനെന്ത് പറയാനാടാ നിന്നെപ്പറ്റി ഉമ്മാനോട്? നീ ഒന്ന് വേഗം പറ എന്‍റെ സെലീ, എവിടെയാ നമ്മടെ പുള്ളിക്കോഴി?”

“എന്‍റെ ഇക്കാക്കാ, പുള്ളിക്കോഴിയെ നമ്മുടെ കുഞ്ഞിക്കോലായയില്‍ (അടുക്കളയോട് ചേര്‍ന്നിരിക്കുന്ന പുറത്തുള്ള കോലായ) ഞാന്‍ കുട്ടയ്ക്കടിയില്‍ പൊത്തി വെച്ചിട്ടുണ്ട്! ഇക്കാക്കാനെ ഒന്ന് പറ്റിക്കാന്‍ വേണ്ടി ഞാന്‍ ചെയ്തതാ!!”

“എടാ കള്ളാ..” എന്‍റെ ശബ്ദം ഉച്ചത്തിലായി. “എന്ത് പണിയാടാ നീ കാണിച്ചേ?.. നീ കാരണം എത്ര ചീത്തയാടാ ഉമ്മാന്‍റെ വായില്‍ നിന്നും ഞാന്‍ കേട്ടത്?...കോഴീനെ കള്ളാ നിന്നെ ഞാന്‍....”

“അയ്യോ.. ഇക്കാക്കാ ഒന്ന് നിര്‍ത്ത്..! കുറച്ച് പതുക്കെ പറ ഇക്കാ... ഉമ്മ കേള്‍ക്കും..! സോറി ഇക്കാക്കാ, ഇനി ഞാന്‍ ഇങ്ങനെയൊന്നും ചെയ്യില്ല. സത്യം..!”

“ങാ...ശരി..ശരി... ഞാന്‍ ക്ഷമിച്ചു. നീ വാ.. നമുക്ക് പുള്ളിക്കോഴിയെ എടുക്കാം..”

ഞാനും അനിയനും കൂടി അങ്ങനെ സുന്ദരിയും സുശീലയുമായ ആ വെള്ള പുള്ളിക്കോഴിയേയും എടുത്ത് വിജയശ്രീലാളിതരായി ഉമ്മയുടെ അടുത്തേക്ക് ചെന്നു. കോഴിയെ കിട്ടി എന്നറിഞ്ഞപ്പോള്‍ ഉമ്മാക്കും സന്തോഷമായി...

“ഇന്നാടാ കൊറച്ച് ചായ...ഇത് കുടിക്ക്. ഇത്രേം നേരം ഇതിനേം പരതി നടന്നതല്ലേ...” ചായയും കായിപ്പോള (നേന്ത്രപ്പഴം, മുട്ട, പഞ്ചസാര, മാവ്, അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഒരു മധുര പലഹാരം- എന്‍റെ ഫേവറൈറ്റ്!) യും അടുക്കളയിലെ മേശമേലെടുത്ത് വെച്ച് ഉമ്മ എന്നോട് പറഞ്ഞു!

“എടാ സെലീ, നിനക്ക് വേണോടാ ചായ? ഞാന്‍ സെലീമിനേയും വിളിച്ചു... അവനാണല്ലോ യഥാര്‍ത്ഥ കോഴിയെ കള്ളന്‍..!!”